പത്തനംതിട്ട: കർഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾക്കെതിരേ പരാതി സമർപ്പിക്കാനുള്ള സമയപരിധി 25ന് അവസാനിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ കിസാൻസഭ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനങ്ങൾ, യോഗങ്ങൾ, ഒപ്പുശേഖരണം തുടങ്ങിയവ നടക്കും. ഇന്ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാറിൽ വമ്പിച്ച പ്രതിഷേധ മാർച്ചും ധർണയും നടക്കും. ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ നടക്കുന്ന ഒപ്പുശേഖരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും കിസാൻസഭ സംസ്ഥാന സെക്രട്ടറി എ. പി. ജയൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് വിവിധ ദിവസങ്ങളിൽ പ്രശ്നബാധിത വില്ലേജുകളിൽ പൊതുയോഗങ്ങളും ഒപ്പുശേഖരണവും നടക്കും. വടശേരിക്കരയിൽ 18ന് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ, അരുവാപ്പുലത്ത് കിസാൻസഭ നേതാവ് സത്യാനന്ദപ്പണിക്കർ എന്നിവർ പ്രതിഷേധ യോഗങ്ങൾ ഉദ്ഘാടനം ചെയ്യും.
19ന് തണ്ണിത്തോട്ടിൽ ചേരുന്ന യോഗം സിപിഐ മണ്ഡലം സെക്രട്ടറി എ. ദീപകുമാറും പരുനാട്ടിൽ കിസാൻസഭ ജില്ലാ സെക്രട്ടറി ടി. മുരുകേഷും ഉദ്ഘാടനം ചെയ്യും. 20ന് സീതത്തോട്ടിൽ നടക്കുന്ന പരിപാടി സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി, കൊല്ലമുളയിൽ കിസാൻസഭ സംസ്ഥാന സെക്രട്ടറി എ.പി. ജയൻ എന്നിവർ ഉദ്ഘാടനം ചെയ്യും.